മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ: ദ് റിവഞ്ച്’’ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സാമാനതകളില്ലാത്ത പ്രീ-റിലീസ് ബുക്കിംഗ് റിക്കാർഡുകളുമായി ഇന്നു തിയറ്ററുകളിലെത്തുന്നു.
ഇന്ത്യയിലെ പ്രീമിയർ ഷോകളുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ചിത്രം കാഴ്ചവച്ചിരിക്കുന്നത്. ഔദ്യോഗിക റിലീസിനു ഒരു ദിവസം മുന്പ്, അതായത് ഇന്നലെ നടത്തിയ പെയ്ഡ് പ്രീമിയറുകളിൽനിന്നു മാത്രം ചിത്രം 33 കോടി രൂപയിലധികം സ്വന്തമാക്കി.
രാജ്യത്തെ പ്രമുഖ തിയറ്റർ ശൃംഖലകളായ പിവിആർ, ഐനോക്സ്, സിനിപോളിസ് എന്നിവിടങ്ങളിൽനിന്നായി ലക്ഷക്കണക്കിനു ടിക്കറ്റുകളാണ് ഇതിനോടകം വിറ്റുപോയത്. പ്രീമിയർ ഷോകളും ആദ്യ ദിന ബുക്കിംഗുമുൾപ്പെടെ ആഭ്യന്തര വിപണിയിൽനിന്നു മാത്രം 50 കോടി രൂപയുടെ അഡ്വാൻസ് സെയിൽസ് ചിത്രം പിന്നിട്ടുകഴിഞ്ഞു. ആദ്യ ദിനം ലോകമെന്പാടുംനിന്നായി 200 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് സിനിമാ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
വിദേശ വിപണികളിലും ചിത്രത്തിനു വലിയ വരവേൽപ്പാണു ലഭിക്കുന്നത്. വടക്കേ അമേരിക്ക, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽനിന്നുള്ള അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ പ്രകാരം ഓപ്പണിംഗ് വീക്കെൻഡിൽ വിദേശത്തുനിന്നു മാത്രം ചിത്രം 65 കോടി രൂപയോളം നേടുമെന്നാണ് സൂചന.
ഇന്ത്യയിൽ മാത്രം ഏകദേശം 15 ലക്ഷത്തോളം ടിക്കറ്റുകൾ റിലീസിനു മുന്പേ വിറ്റുതീർന്നത് ബോളിവുഡ് സിനിമകളിൽ പുതിയൊരു ചരിത്രമാണ്. ഇന്ന് ചിത്രം ഔദ്യോഗികമായി റിലീസിനെത്തുന്നതോടെ മുന്പുള്ള പല വന്പൻ ചിത്രങ്ങളുടെയും റിക്കാർഡുകൾ പഴങ്കഥയാകുമെന്നാണ് ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ആദ്യഭാഗമായ ദുരന്ധർ ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത് വൻവിജയം നേടിയിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് യാഥാർഥ സംഭവങ്ങളെ കെട്ടുകഥയുമായി കൂട്ടിച്ചേർത്ത് അതിതീവ്ര ദേശീയത പ്രചരിപ്പിക്കുന്നു എന്ന വിമർശനവും നേരിടേണ്ടിവന്നു.